കണ്ണൂര്‍ : അക്ഷരങ്ങളിലൂടെയും ജീവിതങ്ങളിലൂടെയും പരന്നൊഴുകിയ മയ്യഴിപ്പുഴ രോഗാതുരമാവുന്നു. മാലിന്യവും മണല്‍വാരലും കൈയേറ്റവും ദുരുപയോഗവും ഓരോ സെക്കന്റിലും പുഴയെ രോഗഗ്രസ്തമാക്കുകയാണെന്ന് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പുഴപഠനം വെളിപ്പെടുത്തുന്നു. പുഴയിലെയും തീരങ്ങളിലെയും ജൈവവൈവിധ്യം ശോഷിക്കുന്നതായും പഠനത്തില്‍ വെളിവായി. ഉത്ഭവസ്ഥാനമായ വയനാടന്‍ കുന്നുകളില്‍നിന്ന് അഴിമുഖം വരെയുള്ള 54 കിലോമീറ്ററില്‍ പുഴസംരക്ഷിക്കാന്‍ ജനകീയ പങ്കാളിത്തത്തോടെയുള്ള ഇടപെടല്‍ അനിവാര്യമാണെന്ന് വെളിപ്പെടുത്തുന്നതാണ് കണ്ടെത്തലുകള്‍ . ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂര്‍ , കോഴിക്കോട് ജില്ലാകമ്മിറ്റികളാണ് സന്നദ്ധപ്രവര്‍ത്തനത്തിലൂടെ പുഴപഠനത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയത്്. 2011 ഒക്ടോബറിലാണ് പഠനം ആരംഭിച്ചത്. കോഴിക്കോട് ജില്ലയിലെ 13 പഞ്ചായത്തുകളിലൂടെയും കണ്ണൂരിലെ ആറ് പഞ്ചായത്തുകളിലൂടെയും മയ്യഴി മുനിസിപ്പാലിറ്റിയിലൂടേയും ഒഴുകിയാണ് മയ്യഴിപ്പുഴ കടലില്‍ ചേരുന്നത്. 394 ചതുരശ്ര കിലോമീറ്ററാണ് നദീതടത്തിന്റെ വിസ്തീര്‍ണം. 43 നീര്‍ച്ചാലുകളാണ് പുഴയില്‍ ചേരുന്നത്. ഇതില്‍ മിക്കതും വേനലില്‍ വറ്റുന്നു. ഇപ്പോള്‍ മാഹിവരെയാണ് ഓരുജലം എത്തുന്നത്. പാറക്കടവുവരെ ഓരുജലം എത്തിയിരുന്നതായി വില്യം ലോഗന്റെ മലബാര്‍ മാന്വലില്‍ പരാമര്‍ശമുണ്ട്. വില്യാപ്പള്ളി പഞ്ചായത്തില്‍ രണ്ടുകിലോമീറ്റര്‍ സ്വകാര്യവ്യക്തി കൈയേറി മതില്‍കെട്ടി സ്വന്തമാക്കി. പലയിടത്തും ചെറുതും വലുതുമായ കൈയേറ്റങ്ങള്‍ കണ്ടെത്തി. നദീതടത്തിലെ കൃഷി നാമാവശേഷമായതാണ് പുഴ അനാഥമായതിന് പ്രധാനകാരണമായി പഠനം കണ്ടെത്തിയത്. കൃഷിക്കുവേണ്ടി ആശ്രയിക്കാതായതോടെ പുഴയെ ഗ്രാമീണര്‍ അവഗണിക്കുകയായിരുന്നുവെന്ന് പഠനത്തിന് നേതൃത്വം നല്കിയ പരിസ്ഥിതി പ്രവര്ത്തകന് സി പി ഹരീന്ദ്രന്‍ പറഞ്ഞു. ജൈവവൈവിധ്യവും തീര്‍ത്തും നാശോന്മുഖമായി. രണ്ട് പതിറ്റാണ്ടു മുമ്പുവരെ വന്‍തോതില്‍ മത്സ്യബന്ധനം നടന്ന പുഴയില്‍ മത്സ്യസമ്പത്ത് ശോഷിച്ചു. അഴിമുഖത്തുനിന്ന് ഏഴുകിലോമീറ്റര്‍ വരെയാണ് കണ്ടലുകള്‍ ശേഷിക്കുന്നത്. സമീപത്തെ ചെറുപട്ടണങ്ങളിലെ മുഴുവന്‍ മാലിന്യവും പുഴയിലാണ് തള്ളുന്നത്. മാഹിയിലെ ബാറുകളില്‍നിന്നുള്ള മാലിന്യവും ഒരു സ്വര്‍ണശുദ്ധീകരണശാലയിലെ വീര്യമേറിയ രാസമാലിന്യങ്ങളും ഭൂമിക്കടിയിലുള്ള പൈപ്പിലൂടെ പുഴയിലേക്ക് ഒഴുക്കുന്നതായും കണ്ടെത്തി. 25 അംഗീകൃത കടവുകളില്‍നിന്നും അതിലേറെ അനധികൃത കടവുകളില്‍നിന്നും വന്‍തോതില്‍ മണലൂറ്റുന്നുണ്ട്. സ്വകാര്യവ്യക്തികള്‍ക്കും പലയിടത്തും അനധികൃത കടവുകളുണ്ട്. പുഴയൊകുന്ന പഞ്ചായത്തുകളിലെല്ലാം ജാഗ്രതാസമിതികള്‍ രൂപീകരിച്ച് സംരക്ഷണം ഉറപ്പാക്കുകയും നദീതടത്തില്‍ വനവല്‍ക്കരണം നടപ്പാക്കുകയുമാണ് ആദ്യ ഇടപെടലായി പഠനം നിര്‍ദേശിക്കുന്നത്. നീര്‍ത്തടാധിഷ്ഠിത വികസനം നടപ്പാക്കണമെന്നും പഠനം നിദേശിക്കുന്നു.